Blog of Mathews Jacob

Blog Central

ചില മതാതീത ചിന്തകൾ

Waste Dump on Road
Dr. A.P.J Abdul Kalam

മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ആ comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു. അതുകൊണ്ട് ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.

“From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത്. മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക് സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ആത്മീയതയ്ക്കു കഴിയും.

പക്ഷെ, മതത്തിന്റെ പുറന്തോട് പൊളിച്ചു ആത്മീയതയിലേക്ക് പ്രവേശിക്കാൻ നാം മടിക്കുന്നു, ഭയക്കുന്നു. മതത്തിൽ നിന്നും ആല്മീയതയിലേക്കു വളരുവാൻ നമുക്ക് കഴിയുന്നില്ലായെന്നതുതന്നെയല്ലേ നമ്മുടെ ദുര്യോഗം. മതവുമായി നമ്മെ ബന്ധിപ്പിച്ചിരിക്കുന്ന കയർ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രനായി ആല്മീയതയിലേക്കു പ്രവേശിക്കുന്നതിനു പകരം ആ കയറുകൊണ്ട് കൂടുതൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിച്ചു മോചനം അസാധ്യമാക്കുകയല്ലേ നാം സത്യത്തിൽ ചെയ്യുന്നത്?

Graduation കഴിഞ്ഞിട്ടും മതത്തിന്റെ പൊളിഞ്ഞ പുറന്തോടിൽ ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് മതങ്ങളിൽ നാം കാണുന്നത്. സ്‌കൂളിൽ നിന്നും പാസ്സായി കോളേജിൽ ചേർന്ന വിദ്യാർത്ഥി കോളേജിലെ ക്‌ളാസ്സിൽ കയറാതെ സ്‌കൂളിന്റെ ചുറ്റുവട്ടത്തുതന്നെ കറങ്ങി നടക്കുന്ന ഒരവസ്ഥ. മതങ്ങളുടെ പൗരോഹിത്യം അഥവാ മത നേതൃത്വം ഇതിനെ പ്രോത്സാഹപ്പിക്കുന്നു എന്നതാണ് വ്യക്തികളുടെ ആത്മീയവളർച്ചയ്ക്കുള്ള പ്രധാന തടസ്സം. മത നേതൃത്വം വ്യക്തിയെ അങ്ങിനെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. പലവിധമായ അന്ധവിശ്വാസങ്ങളിൽ വ്യക്തിയെ തളച്ചിട്ട് അവൻറെ മതം വിട്ട് ആത്മീയതയിലേക്കുള്ള ഉയർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മത കാര്യസ്ഥർ മതത്തെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റി. അവരുടെ നിലനിൽപ്പിന് ഇതാവശ്യവുമാണ്. ശ്‌മശാനത്തിലെ ആറടി മണ്ണും മതത്തിന്റെ അഥവാ സഭയുടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിയും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പഠിക്കുവാൻ അവസരവും ഒക്കെ പ്രലോഭനങ്ങളായി വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

ഏതെങ്കിലും മതത്തിൽ അംഗത്വമെടുത്താൽ മരണാനന്തരം സ്വർഗ്ഗത്തിൽ എത്താനുള്ള പാസ്പ്പോർട്ട് ആയിയെന്നു ഞാൻ വിശ്വസിക്കുന്നില്ല. മതത്തിൽ വിശ്വസിക്കണോ ദൈവത്തിൽ വിശ്വസിക്കണോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മതം മനുഷ്യന് അത്ര അത്യാവശ്യമുള്ള ഒരു കാര്യമല്ലായെന്നു കരുതുന്നവരിലും ഉറച്ച ദൈവവിശ്വാസികളുണ്ടാവും. ഒരു വ്യക്തിയുടെ ദൈവം എന്ന സങ്കല്പം അവന്റെ ഉള്ളിന്റെ ഉള്ളിൽ അവനറിയാതെ തന്നെ രൂപപ്പെടുന്നതല്ലേ? ഒരു വ്യക്തിയും ദൈവവുമായുള്ള ബന്ധത്തിന് മതവും പുരോഹിതരും ഒക്കെ ജീവിതത്തിലുടനീളം അനിവാര്യമാണോ? മതത്തിന്റെയും പുരോഹിതരുടെയും ഇടപെടൽ ഇല്ലാതെ ഒരു വ്യക്തിക്ക് ഈശ്വര സാക്ഷാൽക്കാരം സാധിക്കില്ലേ?

മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എൻറെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം. വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ! എങ്കിൽ നാം ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമായേനേ! ഇഹലോകവാസം എത്ര സന്തോഷപ്രദമായേനെ!

ഒരു മതത്തിൽ പിറന്നു വീണതു കൊണ്ടുമാത്രം അവിടെത്തന്നെ നിൽക്കുന്നവരല്ലേ നാമെല്ലാവരും? എങ്കിൽ, എൻറെ മതം മാത്രമാണ് ശരി മറ്റു മതങ്ങൾ ശരിയല്ലായെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുകയല്ലേ കാലത്തിന്റെ ആവശ്യം?

എനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമുണ്ട്. ഹിന്ദുയിസത്തോടും ഹിന്ദുക്കളോടും സത്യത്തിൽ കൂടുതൽ ബഹുമാനമുണ്ട്; അവരുടെ വലിയ മനസുകൊണ്ടാണല്ലോ മറ്റു മതങ്ങൾ ഈ മണ്ണിൽ തഴച്ചു വളരാൻ ഇടയായത്. എന്നാൽ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നാഗ്രഹിക്കുന്ന അഭിനവ ഹിന്ദുക്കളോടു പരമ പുച്ഛമാണുതാനും. കൂട്ടത്തിൽ ഒരു തിരിച്ചറിവു കൂടി പങ്കു വെയ്ക്കണം- ഹിന്ദുക്കൾ ഈ രാജ്യത്തെ ഭൂരിപക്ഷമായതാണ് ഇന്ത്യ ഒരു മതേതര രാഷ്ട്രമായി ഇപ്പോഴും നിലനിൽക്കാൻ കാരണം. മറ്റേതെങ്കിലും മതമായിരുന്നു ഇവിടുത്തെ ഭൂരിപക്ഷ മതമെങ്കിൽ ആ മതത്തിന്റെ രാഷ്ട്രമായി ഇന്ത്യ എന്നേ മാറുമായിരുന്നു!
Written By: Mathews Jacob
Mobile: +918891052375
email: mathews.jacob@hotmail.com
web: www.mathewsjacob.com

Mathews Jacob

Date: December 13, 2018

www.mathewsjacob.com/blog is a participant in the Amazon Services LLC Associates Program, an affiliate advertising program designed to provide a means for sites to earn advertising fees by advertising and linking to amazon.in.